പൊന്നിന് പൊള്ളും വില; പവന് 40000 രൂപ

പൊന്നിന് പൊള്ളും വില; പവന് 40000 രൂപ

ചരിത്രത്തിലാദ്യമായി സ്വര്‍ണ വില പവന് 40,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 5,000 രൂപയാണ് ഇന്നത്തെ വില.

ഇത്തവണ സാമ്പത്തിക വര്‍ഷം ആദ്യ വാരം പവന് 33,000 രൂപയായിരുന്ന സ്വര്‍ണ വിലയാണ് മൂന്ന് മാസം കൊണ്ട് പവന് 7000 രൂപയിലധികം വര്‍ധിച്ചത്. മെയ് ആദ്യ വാരം 34000 രൂപയായിരുന്ന സ്വര്‍ണ വില മെയ് പകുതിയോടെ 35000 ആയി. ജൂണ്‍ മാസം അവസാനത്തോടെ 35920 രൂപയിലെത്തി. ജൂലൈ മാസം ആരംഭിച്ചപ്പോള്‍ തന്നെ 36000 കടന്നു. ജൂലൈ രണ്ടാം വാരത്തോടെ 37,000 ആയി ഉയര്‍ന്നു. പിന്നീട് ദിവസേന സ്വര്‍ണ വില കുതിച്ച് ഉയരുകയായിരുന്നു.

ജൂലൈ 25ന് പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച് 38120 രൂപയായി. ജൂലൈ 28ന് 39000 എന്ന റെക്കോര്‍ഡിലെത്തി. ഇന്നലെ 39,720 ആയിരുന്ന സ്വര്‍ണ വിലയാണ് പവന് 280 രൂപ വര്‍ധിച്ച് ചരിത്രത്തിലാദ്യമായി 40000ത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ സ്വര്‍ണ വിപണിയില്‍ വാങ്ങാന്‍ ആളുകള്‍ കുറഞ്ഞുവെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് വില ഉയരാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.