തിനൂർ കൂവ്വക്കൊല്ലി മലയിൽ റെയ്‌ഡ്‌; 550 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി

തിനൂർ കൂവ്വക്കൊല്ലി മലയിൽ റെയ്‌ഡ്‌; 550 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി

നാദാപുരം: എക്സൈസ് സംഘം  മലയോര മേഖലയിൽ നടത്തിയ പരിശോധനയിൽ കൂവ്വക്കൊല്ലി മലയോരത്ത്  550 ലിറ്റർ വാഷും, 15 ലിറ്റർ ചാരായവും പിടികൂടി. രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.പി.ഷാജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടുകൂടി  നടത്തിയ റെയ്‌ഡിലാണ് ഇവ പിടികൂടി നശിപ്പിച്ചത്. കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കട്ട് തിനൂർ കൂവ്വക്കൊല്ലി മലയിൽ കൈത്തോടിനടുത്ത് പ്ലാസ്റ്റിക്ക് ബാരലിലും കന്നാസുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷും, ചാരായവും. 

ഇവിടെ നിന്ന് ഗ്യാസ് സിലിണ്ടർ, സ്റ്റൗ, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് പരിശോധന നടത്തിയത്.തൊട്ടിൽപ്പാലം, കരിങ്ങാട്,  മേഖലയിലും  എക്സൈസ് ഇന്റലിജൻസ് ബ്യുറോയുടെ നിർദ്ദേശത്തെ തുടർന്ന് റെയ്ഡ് നടത്തി. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.പി. ജയരാജ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ പി. വിജേഷ്, കെ.സിനീഷ്  എന്നിവർ റെയ്ഡിൽ പങ്കെടുത്തു.