മാഹിയില്‍ വിവാഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

മാഹിയില്‍ വിവാഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

മയ്യഴി : മയ്യഴിയില്‍ വിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മാഹിക്കാര്‍ ഏഴുദിവസത്തെ മാഹി ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ഉള്‍പ്പെടെ 14 ദിവസത്തെ വീട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ വിലാസവും മൊബൈല്‍ഫോണ്‍നമ്പറും അപേക്ഷയോടൊപ്പം നല്‍കണം.
50-ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണ്‍/റെഡ്‌സോണ്‍ /ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആരോഗ്യസേതു ആപ്‌ളിക്കേഷന്‍ ഓരോരുത്തരും ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
മയ്യഴിക്ക് പുറത്തുള്ള ചടങ്ങില്‍ പങ്കെടുത്ത മയ്യഴി സ്വദേശികള്‍ ക്വാറന്റീന്‍ പാലിക്കണം.
വിവാഹസദ്യ അനുവദനീയമല്ല. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചടങ്ങ് നടത്തുന്ന ബന്ധുക്കളെ സന്ദര്‍ശിച്ച് നിയമാവലികള്‍ അറിയിക്കും. ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളുടെ വിവരം, ദേവാലയം അധികൃതര്‍ അഡ്മിനിസ്‌ട്രേട്രേറ്ററെ അറിയിക്കണം. റവന്യൂ സ്‌ക്വാഡും പോലീസും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം നേരിട്ടന്വേഷിക്കും.