ബലി പെരുന്നാള്‍  ആഘോഷം; കലക്ടര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബലി പെരുന്നാള്‍  ആഘോഷം; കലക്ടര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കണ്ണൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു.

1. പള്ളികളിലെ സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം പരിമിതപ്പെടുത്തണം.
2. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമൂഹ പ്രാര്‍ത്ഥന അനുവദനീയമല്ല.
3. ഉദുഹിയ്യത്ത് ആചരിക്കുമ്പോള്‍ ശരിയായ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
4. ഉദുഹിയ്യത്ത് ഉള്‍പ്പടെയുള്ള ബലിപെരുന്നാള്‍ ചടങ്ങുകള്‍ വീടുകളില്‍ മാത്രം ആചരിക്കേണ്ടതാണ്.
5. വീടുകളുടെ പരിസരത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍, കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
6. ഈ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ മാത്രം പങ്കെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
7. പനിയോ, പനിയുടെ ലക്ഷണങ്ങളോ, കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ, അല്ലെങ്കില്‍ മറ്റ് കൊവിഡ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നവര്‍ ആരും തന്നെ സമൂഹ പ്രാര്‍ത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കരുത്.
8. ക്വാറന്റൈനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും സമൂഹ പ്രാര്‍ത്ഥനയിലോ ബലി പെരുന്നാള്‍ ചടങ്ങുകളിലോ പങ്കെടുക്കരുത്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നത് അവരുടെ വീടുകളിലാണെങ്കില്‍ പോലും പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
9. പെരുന്നാള്‍ ദിനത്തില്‍ നടത്തിവരാറുള്ള ബന്ധുഗൃഹ സന്ദര്‍ശനങ്ങളും മറ്റ് ഉല്ലാസയാത്രകളും ഒഴിവാക്കേണ്ടതാണ്.