പയ്യോളിയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചത് അശാസ്ത്രീയമായെന്ന് മുസ്ലിം ലീഗ്

പയ്യോളിയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചത് അശാസ്ത്രീയമായെന്ന് മുസ്ലിം ലീഗ്

പയ്യോളി മുന്‍സിപ്പല്‍ പ്രദേശത്തു കോവിഡ് 19 രോഗവ്യാപനം തടയാന്‍ കണ്ടൈന്‍മെന്റ് വാര്‍ഡുകള്‍ തീരുമാനിച്ചത് തികച്ചും അശാസ്ത്രീയമാണെന്ന്  മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. സമ്പര്‍ക്ക സംശയത്താല്‍ കോട്ടക്കല്‍ പ്രദേശം ഉള്‍കൊള്ളുന്ന അഞ്ചു വാര്‍ഡുകള്‍ ഉള്‍പ്പെടെ ഏഴോളം വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.  കൊറോണ പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുപ്പത്തി ഒന്നാം വാര്‍ഡ് നേരത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. അതിനനുസരിച്ചുള്ള കര്‍ശന നിയന്ത്രണങ്ങളും നടപ്പിലാക്കി. മൂരാട് ദേശീയ പാതയില്‍ നിന്നും കോട്ടക്കലിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ റോഡില്‍ ബീച്ച് റോഡ് ജംഗ്ഷന്‍ മുതല്‍ കോട്ടക്കല്‍ പൂഴി കടവ് വരെ റോഡിന്റെ ഒരു ഭാഗം ഒന്നാം വാര്‍ഡും മറുഭാഗം രണ്ടാം വാര്‍ഡുമാണ്. ഇതില്‍ രണ്ടാം വാര്‍ഡ് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം വാര്‍ഡ് അതില്‍ ഉള്‍പ്പെട്ടിട്ടില്ല.  ക്രാഫ്റ്റ് വില്ലേജിനു സമീപം കോട്ടക്കലിലേക്കുള്ള മെയിന്‍ റോഡില്‍  കയര്‍ കെട്ടി ഗതാഗതം നിയന്ത്രിച്ചതും തികച്ചും അശാസ്ത്രീയമായാണ്. അതിനാല്‍ ഒന്നാം വാര്‍ഡിലുള്ളവര്‍ക്കു  പ്രയാസം നേരിടുന്നു. ഇതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. രോഗ വ്യാപനം തടയല്‍ ആണ് ലക്ഷ്യമെങ്കില്‍ ഒരു പ്രദേശത്തെ  തൊട്ടുരുമ്മി നില്‍ക്കുന്ന ഒരേ റോഡ് ഉപയോഗിക്കുന്ന വാര്‍ഡുകളില്‍ ഒരെണ്ണം മാത്രം എന്തിനാണ് നിയന്ത്രിത മേഖലയാക്കിയത് എന്നതാണ്  നാട്ടുകാരുടെ ചോദ്യം.  മുന്‍സിപ്പല്‍ ഭരണ കര്‍ത്താക്കളോട് ഈ അശാസത്രീയ നടപടിയെ പറ്റി അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ല.  വെള്ളിയാഴ്ച് പെരുന്നാള്‍ ആയതിനാല്‍ ജനങ്ങളുടെ  പ്രയാസങ്ങള്‍ പരിഹരിക്കാന്‍  അധികൃതര്‍ ഉടനെ ഇടപെടണമെന്നും പയ്യോളി മുന്‍സിപ്പല്‍  മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

 
 Kozhikode