നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ

നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ

ബംഗളൂരു എഫ്സിയുടെ യുവ പ്രതിരോധ താരം നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ. നാലു വർഷത്തേക്കാണ് യുവതാരവുമായി ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്ന സന്ദേശ് ജിങ്കനുമായി വേർപിരിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ ജിങ്കനോളം മിടുക്കനായ താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ഈ സൈനിംഗോടെ ഏറ്റവുമധികം ശമ്പളമുള്ള ഇന്ത്യൻ പ്രതിരോധ താരം എന്ന റെക്കോർഡ് ജിങ്കനെ മറികടന്ന് നിഷു സ്വന്തമാക്കുകയും ചെയ്തു. താരത്തിന് വെറും 22 വയസ്സ് മാത്രമാണ് പ്രായം എന്നതും ശുഭസൂചനയാണ്.രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ് നിഷു കുമാർ. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ താരം 11-ാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോൾ രംഗത്ത് എത്തുന്നത്. 2011ൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഷു അവിടെ 4 വർഷം പരിശീലിച്ചു. തുടർന്ന്, 2015ൽ ബെംഗളൂരു എഫ്സിയിലൂടെ നിഷു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറി.