നരിപ്പറ്റയിൽ കർശന നിയന്ത്രണം; പഞ്ചായത്തിന് പുറത്തുപോകാൻ അനുമതി വേണം

നരിപ്പറ്റയിൽ കർശന നിയന്ത്രണം; പഞ്ചായത്തിന് പുറത്തുപോകാൻ അനുമതി വേണം
നരിപ്പറ്റ പഞ്ചായത്തിൽനിന്ന് കായക്കൊടി ഭാഗത്തേക്കുള്ള ഗ്രാമീണറോഡ് അടച്ചനിലയിൽ

നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. ചുറ്റുമുള്ള നാല് പഞ്ചായത്തുകളിലും സമ്പർക്കത്തിലൂടെ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി സർവകക്ഷിയോഗം വിളിച്ചു ചേർത്തത്.

പുറത്തേക്കുള്ള ഗ്രാമീണറോഡുകൾ, പാലങ്ങൾ ഉൾപ്പെടെഎല്ലാ വഴികളും പൂർണമായും അടച്ചിടും. മത്സ്യ, മാംസ കച്ചവടങ്ങൾ നിരോധിക്കുകയും ചെയ്തു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾമാത്രമെ പ്രവർത്തിക്കൂ. രാവിലെ എട്ട് മുതൽ രണ്ട് മണി വരെയേ പ്രവർത്തിക്കൂ. ചുറ്റുമുള്ള നാദാപുരം, കുന്നുമ്മൽ, വാണിമേൽ, കായക്കൊടി പഞ്ചായത്തുകൾ കണ്ടയ്ന്മെന്റ്‌ സോണുകളായതിനാൽ പഞ്ചായത്തിന് പുറത്തേക്ക് പോകുന്നവർ വാർഡ് തല ആർ.ആർ.ടി.യിൽനിന്ന് അനുമതിവാങ്ങണം.

പുറത്ത് നിന്നുള്ള വാഹനങ്ങൾ പഞ്ചായത്തിലേക്ക് വരുന്നില്ലെന്ന് ആർ.ആർ.ടി.കൾ ഉറപ്പുവരുത്തും. ബാങ്കുകൾ, കടകൾ തുടങ്ങിയവയിലും അക്ഷയപോലുള്ള സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവെപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുന്നുമ്മൽ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പഞ്ചായത്തിലെ മുഴുവൻപേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധിക്കും.