മാഹിയില്‍ എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരുമടക്കം അമ്പതിലേറെപ്പേര്‍ നിരീക്ഷണത്തിൽ 

മാഹിയില്‍ എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരുമടക്കം അമ്പതിലേറെപ്പേര്‍ നിരീക്ഷണത്തിൽ 

മയ്യഴി : മാഹിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്ളൂരിലെ ചെരുപ്പുകട ഉടമ, പള്ളൂരിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇതേത്തുടുര്‍ന്ന് എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരുമടക്കം അമ്പതിലേറെപ്പേര്‍ നിരീക്ഷണത്തിലായി.
സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന അമ്പതോളം പേരെ റാന്‍ഡം പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് പരിശോധനയ്ക്കായി സ്രവമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ പരിശോധനാഫലം ലഭിച്ചു. സമൂഹവ്യാപനമാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മാഹി ആരോഗ്യവകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സ്ഥിരമായി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. ആ യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരും അവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുമാണ് നിരീക്ഷണത്തിലായത്. എംഎല്‍എ., അഡ്മിനിസ്‌ട്രേറ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിലെ ഏതാനും ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ആര്‍.എം.ഒ., എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പോലീസ് സൂപ്രണ്ട്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭാ കമ്മിഷണര്‍, റവന്യൂവകുപ്പിലെയും സിവില്‍ സപ്ലൈസിലെയും ഏതാനും ഉദ്യോഗസ്ഥര്‍, സിഇഒ ഇന്‍ ചാര്‍ജ്, ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലായത്.