കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു

 കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു

പ്രശസ്ത കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ (85) അന്തരിച്ചു. നെടുമ്പാശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.14-ാം വയസിൽ ആരംഭിച്ച വാദ്യ സപര്യയിലൂടെ പൂര പ്രേമികളുടെ ഇടയിൽ തന്റേതായ ഇടം പിടിക്കാൻ അപ്പു നായർക്ക് കഴിഞ്ഞു. കൊമ്പു വാദ്യത്തിൽ കണിമംഗലം, മച്ചാട്, നായത്തോട് വടക്കൻ ശൈലികളിൽ ‘നായത്തോടൻ’ ശൈലികളിൽ നയകനാണ് അപ്പു നായർ. ഇലഞ്ഞിത്തറ മേളത്തിൽ കൊമ്പ് നിരയുടെ അമരക്കാരൻ കൂടിയായിരുന്നു.  വേല – പൂരങ്ങൾക്കും അപ്പു നായർ പ്രാമാണ്യം വഹിച്ചിട്ടുണ്ട്.
അന്നമനട സീനിയർ പരമേശ്വര മാരാർ നേതൃത്വം നൽകിയ ‘പഞ്ചവാദ്യ ചരിത്രം’ ശബ്ദലേഖനത്തിൽ പ്രധാന കൊമ്പുകാരൻ കൂടിയായിരുന്നു ഇദ്ദേഹം. ആകാശവാണിയിലും ഒരു സജീവ സാന്നിധ്യമായിരുന്നു.പല്ലാവൂർ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നെടുമ്പാശേരി തുരുത്തിശേരിയിലെ വീട്ടുവളപ്പിൽ. കൊമ്പു വിദ്വാൻ പാറക്കടവ് അപ്പുവിന്റെ സഹോദരി ചിറ്റേത്ത് രാജമ്മയാണ് ഭാര്യ. മക്കൾ; പ്രസന്ന, ഹരിക്കുട്ടൻ, സുശീല, രാജി, ബിന്ദു എന്നിവരാണ്.