തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി

ചെന്നൈ: കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു.

പലചരക്ക് കടകൾ രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 75 ശതമാനം ജീവനക്കരോടെ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാം. പൊതു-സ്വകാര്യ ബസ് സർവീസ്, മെട്രോ, ട്രെയിൻ എന്നിവ ഓഗസ്റ്റ് 31 വരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഷോപ്പിങ് മാൾ, തീയറ്റർ, ബാർ. ജിം, മ്യൂസിയം, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾക്ക് ഇ-പാസ് നിർബന്ധമാണ്. അതേസമയം സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും.

കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയിൽ കോവിഡ് പരിശോധനയ്ക്കായി 500-ലധികം മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചതായും 1,45,000-ത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. നഗരത്തിലെ കോവിഡ് രോഗികളെ കണ്ടെത്താൻ വീടുകൾ കയറിയുള്ള പരിശോധന വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി ചെന്നൈയിൽ മാത്രം 70-ഓളം മൊബൈൽ ആശുപത്രികൾ പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തെ മറ്റുഭാഗങ്ങളിൽ ഇത്തരത്തിൽ 1,126 മൊബൈൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. ബുധനാഴ്ച മാത്രം 6,426 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 82 പേർ മരിച്ചു.