കനത്ത മഴ; തുരുത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു

കനത്ത മഴ; തുരുത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു
കുറ്റ്യാടിപ്പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നു

പേരാമ്പ്ര : നിർത്താതെ പെയ്ത ശക്തമായ മഴയിൽ കുറ്റ്യാടിപ്പുഴയിൽ വെള്ളമേറിയതിനെത്തുടർന്ന് തുരുത്തിൽ കുടുങ്ങിയ മൂന്നു പേരെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. ചങ്ങരോത്ത് മേമണ്ണിൽ ജെയ്സൻ (25), കല്ലോട് കൊളോറച്ചാലിൽ വിഷ്ണു (24), പന്തിരിക്കര വേങ്ങേരി ആഷിഖ് (25) എന്നിവരെയാണ് രക്ഷിച്ചത്. 

ചങ്ങരോത്ത് പഞ്ചായത്തിലെ ചവറംമൂഴി കുരിശുപള്ളിക്കു സമീപം ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. മണൽത്തിട്ടയിൽ കയറി മീൻ പിടിക്കാൻ പോയതായിരുന്നു യുവാക്കൾ. പുഴയിൽ വെള്ളം കുറഞ്ഞ സമയതാണ് ഇവർ തുരുത്തിലെത്തിയത്. തുടർച്ചയായി മഴ പെയ്തതോടെ വെള്ളം ഉയർന്ന് കരയിലേക്ക് എത്താനാകാതെ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലാത്തതിനാൽ ഇവർ വെള്ളത്തിൽ മുങ്ങാതിരിക്കാൻ ആ ഭാഗത്തെ മരത്തിൽ പിടിച്ചുനിന്ന് മറ്റുള്ളവരെ വിവരമറിയിച്ചു. ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്ന സ്ഥലമായിരുന്നു.

പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി സേനാംഗങ്ങളായ ഷിജു കെ.എം, കുമാർ ഐ.ബി, അനൂപ് എൻപി, ജിഷ്ണു ആർ. എന്നിവർ സാഹസികമായി പുഴയിലൂടെ റോപ്പ്, ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ് എന്നിവയുമായി നീന്തി മരത്തിനുസമീപം എത്തി. കയർ കരഭാഗത്ത് നിന്നും മരത്തിലേക്ക് കെട്ടി യുവാക്കളെ ലൈഫ് ജാക്കറ്റ് അണിയിച്ചശേഷം ലൈഫ് ബോയിൽ ഇരുത്തി കയറിലൂടെ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ എ.എസ്.ടി.ഒ. പ്രദീപൻ, ബിജു കെ. പി, സന്ദീപ് ദാസ്, ജിനു കുമാർ, സുധീഷ് എസ്.കെ, ബിനീഷ് കുമാർ ഐ, വിജയൻ എൻ.കെ, അജീഷ് എ.സി. എന്നിവർ പങ്കെടുത്തു.