പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്തയാള്‍ക്ക് കോവിഡ്; കൊയിലാണ്ടിയില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദേശം

പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്തയാള്‍ക്ക് കോവിഡ്; കൊയിലാണ്ടിയില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദേശം

കൊയിലാണ്ടി : നഗരത്തിലെ ഹോട്ടലുകളില്‍ പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്ക സാധ്യതയുള്ള ഹോട്ടലുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഹോട്ടലുകളില്‍ അണുനശീകരണം നടത്തണം.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച കൊയിലാണ്ടി നടേലക്കണ്ടി വാര്‍ഡ് (32) അടച്ചു. ബപ്പന്‍കാട് ജങ്ഷന്‍ മുതല്‍ വടക്ക് കെ.ഡി.സി. ബാങ്ക് വരെയുള്ള സ്ഥലത്താണ് നിയന്ത്രണം. കൊയിലാണ്ടി മാര്‍ക്കറ്റും, ഹാര്‍ബറും അടച്ചിട്ടിരിക്കുകയാണ്. ഈ വാര്‍ഡില്‍ വരുന്ന പുതിയ ബസ് സ്റ്റാന്‍ഡിലും കടകള്‍ തുറക്കില്ല.

നഗരമധ്യം കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ബസുകള്‍ പോസ്‌റ്റോഫിസിന് സമീപം നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുക. കോഴിക്കോട്ട്‌നിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തും. താമരശ്ശേരി, അരിക്കുളം ഭാഗത്ത്‌നിന്ന് വരുന്ന ബസുകളും പുതിയ സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാരെ കയറ്റില്ല.