നാദാപുരത്തെ വീടുകളില്‍ അണുനശീകരണം തുടങ്ങി

നാദാപുരത്തെ വീടുകളില്‍ അണുനശീകരണം തുടങ്ങി

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകളില്‍ അണുനശീകരണം ആരംഭിച്ചു. ഒരാഴ്ചമുമ്പ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്‍ഡിലെ കസ്തൂരിക്കുളം ഭാഗത്തെ വീട്ടിലാണ് ആദ്യം അണുനശീകരണം നടത്തിയത്. വാര്‍ഡില്‍ ആറുപേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.  

സന്നദ്ധപ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വീടും പരിസരവും അണുനശീകരണം നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ സി.കെ. നാസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.