പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം

പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

വിവിധ ഇനത്തിലുള്ള നാലു കോടിയിലധികം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും മത്സ്യ ലഭ്യതയും ലക്ഷ്യമിടുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഭാഗമാണ്  ഈ പദ്ധതി.

ജില്ലയിൽ മൽസ്യ വിത്ത്  നിക്ഷേപത്തിന്റെ  ജില്ലാതല ഉദ്ഘാടനം കൂരാച്ചുണ്ടിൽ പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ അകമ്പടിത്താഴം കടവിൽ  രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.  പേരാമ്പ്ര ആദിയാട്ട് കടവിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും കക്കയം റിസർവോയറിൽ 5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പേരാമ്പ്ര പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പദ്ധതിയുടെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി  സതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീനയ്ക്ക് മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി.

ഇന്ത്യൻ മേജർ കാർപ്പ് ഇനത്തിൽ പെടുന്ന കട്ല, രോഹു, മൃഗാൽ മത്സ്യകുഞ്ഞുങ്ങളെയാണ് ജലാശയങ്ങളിൽ നിക്ഷേപിച്ചത്. ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിനാണ് തുടർ പരിപാലന ചുമതല.  പദ്ധതിയിലൂടെ പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും പോഷക സുരക്ഷ ഉറപ്പു വരുത്താനും സാധിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  ബി. കെ സുധീർ കിഷൻ പറഞ്ഞു.