കോവിഡ്; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

കോവിഡ്; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം വലിയതോതിൽ പ്രകടമായ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ബുധനാഴ്ച മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പദ്ധതിയായ 'ബിഗിന്‍ എഗെയ്ന്‍' പ്രകാരം ഓഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാളുകളിലുളള ഫുഡ്‌കോര്‍ട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കും. 

അത്യാവശ്യമല്ലാത്ത ഷോപ്പിങ്, വ്യായാമങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ആളുകള്‍ പുറത്തുപോകുന്നത് നിയന്ത്രിക്കുമെന്നും അത് അയല്‍ പ്രദേശങ്ങളില്‍ മാത്രമായി ചുരുക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായി പാലിക്കണം എന്നും നിര്‍ദേശമുണ്ട്. 

ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവര്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. 

ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്‌സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും. നീന്തല്‍ക്കുളങ്ങള്‍ തുറക്കില്ല. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂണ്‍ 25 മുതല്‍ ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.