കോവിഡ് സഹായം കൊണ്ട് ലംബോര്‍ഗിനി വാങ്ങി; യുവാവ് അറസ്റ്റില്‍

കോവിഡ് സഹായം കൊണ്ട് ലംബോര്‍ഗിനി വാങ്ങി; യുവാവ് അറസ്റ്റില്‍

വാഷിങ്ടണ്‍: ഫ്‌ളോറിഡയില്‍ കോവിഡ് സഹായമായി ലഭിച്ച തുക കൊണ്ട് ആഡംബര വാഹനങ്ങളടക്കം വാങ്ങിയ യുവാവ് അറസ്റ്റിലായി. 29കാരനായ ഡേവിഡ് ടി.ഹൈന്‍സാണ് പിടിയിലായത്.

പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കാന്‍ നല്‍കുന്ന നാല് ദശലക്ഷം ഡോളറിന്റെ ഫെഡറല്‍ വായ്പയാണ് ഇയാള്‍ക്ക് ലഭിച്ചത്. ഈ തുക പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ സ്‌പോര്‍ട്‌സ് കാറടക്കമുള്ള ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഇയാള്‍ ചെലവഴിച്ചത്.

ബാങ്ക് തട്ടിപ്പ്, വായ്പ നല്‍കുന്ന സ്ഥാപനത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കുക, നിയമവിരുദ്ധ വരുമാനത്തില്‍ ഇടപാടുകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 70 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതിനായി സൃഷ്ടിച്ച വായ്പാ പദ്ധതിയായ ഫെഡറല്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ നിന്നാണ് ഇയാല്‍ പണം തട്ടിയെടുത്തത്.

70 തൊഴിലാളികളുമായി നാല് ബിസിനസുകള്‍ താന്‍ നടത്തുന്നുവെന്നും നാല് ദശലക്ഷം ഡോളര്‍ പ്രതിമാസം ചെലവ് വരുന്നുണ്ടെന്ന് കാണിച്ചാണ് വായ്പാ അപേക്ഷ നല്‍കിയത്

മെയ് മാസം മുതല്‍ ഹൈന്‍സിന് വായ്പ പദ്ധതിയില്‍ നിന്ന് പണം ലഭിച്ചു തുടങ്ങി. മൂന്ന് പേയ്‌മെന്റുകളിലായി 3,984,557 ഡോളര്‍ അദ്ദേഹത്തിന് ലഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു ശേഷവും വായ്പയ്ക്കായി അപേക്ഷ അയക്കുന്നത് ഡേവിഡ് തുടര്‍ന്നു. 

എന്നാല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ പണം ചെലവഴിച്ചത് ആഡംബര ആഭരണങ്ങള്‍,കാറ്, വിലകൂടിയ വസ്ത്രങ്ങള്‍ മിയാമി ബീച്ചിലെ റിസോര്‍ട്ടുകളിലെ സന്ദര്‍ശനം, ഡേറ്റിങ് വെബ്‌സൈറ്റുകള്‍ എന്നിവയിലാണെന്ന് കണ്ടെത്തി.