നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പേരാമ്പ്രയിൽ പരിശോധന കർശനമാക്കും 

നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പേരാമ്പ്രയിൽ പരിശോധന കർശനമാക്കും 

പേരാമ്പ്ര : എരവട്ടൂർ സ്വദേശിയായ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പേരാമ്പ്രയിൽ പരിശോധന കർശനമാക്കാൻ തീരുമാനം. നഴ്‌സിന്റെ അമ്മ, ഭർത്താവ്, രണ്ട് മക്കൾ എന്നിവരെ ആരോഗ്യവിഭാഗവും പഞ്ചായത്തും ഇടപെട്ട് പേരാമ്പ്രയിലെ പഞ്ചായത്തിന്റെ ക്വാറന്റീൻ സെന്ററായ ലോഡ്ജിലേക്ക് മാറ്റി. ഇവരുടെ സ്രവപരിശോധന ബുധനാഴ്ച നടക്കും. കുടുംബാംഗങ്ങളുടെ സമ്പർക്ക വിവരങ്ങളും ആരോഗ്യവിഭാഗം ശേഖരിക്കുന്നുണ്ട്. നഴ്‌സ് സന്ദർശിച്ച പേരാമ്പ്ര എസ്.ബി.ഐ. ശാഖയിലും കേരള ഗ്രാമീൺബാങ്ക് ശാഖയിലും ചൊവ്വാഴ്ച അണുനശീകരണം നടത്തി. ഗ്രാമീൺബാങ്കിൽ ആറിനും എസ്.ബി.ഐ.യിൽ ഏഴിനുമാണ് സ്വർണം പണയം വെക്കാനായി നഴ്‌സ് എത്തിയത്. ഇരുബാങ്കിലും ഉച്ചസമയങ്ങളിലായിരുന്നു സന്ദർശനം. ഗ്രാമീൺബാങ്കിൽ ഈ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഉപഭോക്താക്കളെ പ്രവേശിപ്പിച്ചില്ല. എസ്.ബി.ഐ. അണുനശീകരണത്തിന് ശേഷം നിയന്ത്രണങ്ങളോടെ തുറന്നതായി അധികൃതർ വ്യക്തമാക്കി.എരവട്ടൂരിൽനിന്നും പേരാമ്പ്രയിലേക്ക് രണ്ട് ദിവസങ്ങളിൽ വരാനായി നഴ്‌സ് ഓട്ടോ, ജീപ്പ്, ബസ് എന്നീ വാഹനങ്ങളിൽ യാത്രചെയ്തിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരിയായ ഇവർ ജൂലായ്‌ നാലിന് എത്തി എട്ടിന് തിരൂരങ്ങാടിയിലേക്ക് തിരിച്ചുപോയതാണ്.