ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്

വേളം : ബുധനാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വേളത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡിന്റെ പിടിയിലായി. ജൂലായ് 12ന് കൂളിക്കുന്നില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കായക്കൊടി തളീക്കര സ്വദേശികളായ ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ക്കും വേളം ചോയിമഠത്തിലെ 53 കാരിക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.

രോഗം സ്ഥിരീകരിച്ച ചോയിമഠത്തിലെ സ്ത്രീയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 10 പേരുടെ കോവിഡ് പരിശോധനയിലാണ് അവരുടെ കുടുംബത്തിലെ നാല് പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയത്.

അതിനിടെ, രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്ന യുവാവ് വെള്ളിയാഴ്ച ചോയിമഠം പള്ളിയില്‍ നടന്ന ജുമാ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും വൈകുന്നേരം നാലിനും നാലരയ്ക്കുമിടയില്‍ കുറ്റിയാടിയിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്ത 74 പേരോടും സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇയാള്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരടക്കമുള്ള 150ഓളം ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വേളം പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്.

കൂളിക്കുന്ന്, അരമ്പോല്‍ വാര്‍ഡുകള്‍ നിലവില്‍ കണ്‍ടെയ്ന്‍മെന്റ് സോണാണ്. വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്ന പരാതി ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്‌

 

 Kozhikode