''പ്രഭാത ഭക്ഷണം'' ഒഴിവാക്കാതെ ശരീരത്തെ കാത്തുസൂക്ഷിക്കാം

''പ്രഭാത ഭക്ഷണം'' ഒഴിവാക്കാതെ ശരീരത്തെ കാത്തുസൂക്ഷിക്കാം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ഏറെ ദോഷകരമാണെന്നറിഞ്ഞുകൊണ്ടുതന്നെ മനപ്പൂര്‍വ്വം അതൊഴിവാക്കുന്നവരാണ് പലരും. കുട്ടികളായാലും മുതിര്‍ന്നവരായാലും അത് അങ്ങനെതന്നെയാണ്.

എന്തു കൊണ്ടാണ് ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതും  അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം,

രാത്രി ഭക്ഷണത്തിനുശേഷമുള്ള നീണ്ട ഇടവേളയില്‍ ശരീരത്തിലേക്ക് ആഹാരമൊന്നും ചെല്ലാറില്ല. അതുകൊണ്ടുതന്നെ അതിനുശേഷം കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റിന് വളരെ പ്രാധാന്യമുണ്ട്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും ബ്രേക്ക് ഫാസ്റ്റ് തന്നെയാണ്. ആരോഗ്യ മേഖലയില്‍ നടത്തിയ പഠനങ്ങളനുസരിച്ച്‌ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍ ടെന്‍ഷനും ആര്‍ട്ടറീസിലെ ക്ലോട്ടിംഗും കാരണം ഹൃദയ ധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഇത് കാരണമാകും. അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതുവഴി ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും അതുവഴി ടൈപ്പ് ടു പ്രമേഹം വരാനും സാധ്യതയുണ്ട്.ശരീരത്തിന് ആവശ്യം വേണ്ട ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് ലഭിക്കാതെവരുമ്ബോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്ബോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനുവേണ്ട ഗ്ലൂക്കോസ് ലഭിക്കാത്തതുകൊണ്ട് ആവശ്യംവേണ്ട ഗ്ലൂക്കോസ് പേശികളില്‍ നിന്ന് പിന്‍വലിക്കുന്നതാണ് ഇതിനുകാരണം. അതുപോലെ തന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാമെന്നും മെലിയാമെന്നും അബദ്ധ ധാരണയുളളവരാണ് പലരും. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് അമിത ഭാരത്തിനുളള സാധ്യതയുണ്ടെന്നാണ്. രക്തത്തില്‍ പഞ്ചസാര കുറയുന്നതുകൊണ്ട് കഠിനമായ തലവേദനയും മൈഗ്രേനും വരാനും സാധ്യതയുണ്ട്. പ്രോട്ടീന്റെ അളവുകുറയുന്നതുകൊണ്ട് തലമുടി കൊഴിയുകയും മുടിവളര്‍ച്ച കുറയുകയും ചെയ്യും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കാനും കാരണമാകാറുണ്ട്. പ്രഭാതഭക്ഷണം പ്രാധാന്യമുളളതുകൊണ്ടുതന്നെ ഇത് പോഷക സമ്ബുഷ്ടമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം പ്രോട്ടീനുകള്‍, കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.