ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ച് പത്താംക്‌ളാസ് വിദ്യാർത്ഥി  

ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ച് പത്താംക്‌ളാസ് വിദ്യാർത്ഥി  

അഴിയൂര്‍ : കോവിഡ് പ്രതിരോധത്തിന് സ്വന്തമായി നിര്‍മിച്ച  ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീനുമായി  പത്താംകഌസ് വിദ്യാര്‍ത്ഥി മുഹമ്മദ് അജ്മല്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ പരീക്ഷണം കഴിഞ്ഞ ദിവസം വിജയിച്ചതില്‍ അതിയായ സന്തോഷത്തിലാണ് അജ്മല്‍. സാധാരണയായി ഉപയോഗിക്കാറുള്ള  സാനിറ്റൈസര്‍ ബോട്ടില്‍ കോവിഡ് ഉള്ള ആരെങ്കിലും സ്പര്‍ശിക്കാന്‍ ഇടവന്നാല്‍ അത് രോഗ വ്യാപനത്തിന്  കാരണമാകാം എന്ന ചിന്തയാണ് ഇങ്ങനെയൊരു മെഷീന്‍ നിര്‍മിക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത്.മെഷീനില്‍ ഘടിപ്പിച്ച സെന്‍സറിനു സമീപം കൈവെച്ചാല്‍ ഓട്ടോമാറ്റിക്കായി  സാനിറ്റൈസര്‍ പുറത്തു വരും. അജ്മലിന്റെ കണ്ടുപിടിത്തം അറിഞ്ഞ്  അഭിനന്ദിക്കാനും മെഷീന്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കാനും നിരവധി പേര് വിളിക്കുന്നുണ്ട്. 

മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അജ്മല്‍ സ്‌കൂളില്‍ നിന്നും  നിരവധി  ശാസ്ത്ര മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. 2019ല്‍ ബാംഗ്ലൂരില്‍ നടന്ന സതേണ് ഇന്ത്യ സയന്‍സ് ഫെയറില്‍ സ്‌റ്റേറ്റ് വൈസ് രണ്ടാം സ്ഥാനവും, 2020ല്‍ ചെന്നൈയില്‍ വെച്ച് നടന്ന സതേണ് ഇന്ത്യ സയന്‍സ് ഫെയറില്‍ സ്‌റ്റേറ്റ് വൈസ് ഒന്നാം സ്ഥാനവും മികച്ച വ്യക്തിഗത എക്‌സിബിറ്റിനുള്ള പ്രൈസും ലഭിച്ചിരുന്നു. മാഹി റീജണല്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. മാഹി മഞ്ചക്കല്‍ ഐഷോമ ക്വാര്‍ട്ടേര്‍സില്‍  താമസ്സിക്കുന്ന ഖാസിം റുബീന ദമ്പതികളുടെ മകനാണ് അജ്മല്‍. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും  ശാസ്ത്രജ്ഞന്‍ ആകാനാണ്  ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം.