പ്രതിസന്ധിയിലായ താലൂക്കിലെ റേഷന്‍ വിതരണത്തിന് ബദല്‍ സംവിധാനമായില്ല

ചുമട്ടു തൊഴിലാളികള്‍ ക്വാറന്റീനില്‍ പോകേണ്ടിവന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ താലൂക്കിലെ റേഷന്‍ വിതരണത്തിന് ബദല്‍ സംവിധാനമായില്ല. പകരം തൊഴിലാളികളെ നല്‍കാന്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് വിവരം ജില്ല സപ്ലൈ ഓഫിസറുടെ ശ്രദ്ധയില്‍പെടുത്തി. 
താല്‍ക്കാലികമായി ചുമട്ടു തൊഴിലാളികളെ അനുവദിക്കണമെന്നാണ് ആവശ്യം. നാദാപുരം റോഡ് ഗോഡൗണിലെ 9 ചുമട്ടു തൊഴിലാളികളും ഒരു ജീവനക്കാരനും 5 ലോറി ഡ്രൈവര്‍മാരുമാണ് ക്വാറന്റീനില്‍ പോകേണ്ടിവന്നത്. ചുമട്ടു തൊഴിലാളികള്‍ ഇല്ലാതായതോടെ ഗോഡൗണിലെ ചരക്കു നീക്കം സ്തംഭിച്ചിരിക്കുകയാണ്. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് തൊഴിലാളികളെ നല്‍കുന്നത്. ക്വാറന്റീനില്‍ പോയവര്‍ക്ക് പകരം തൊഴിലാളികളെ നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെട്ടതിന് പുറമേ ജില്ല ലേബര്‍ ഓഫിസറെയും വിവരം ധരിപ്പിച്ചിരുന്നു. 
താലൂക്കിലെ പകുതി റേഷന്‍കടകളില്‍ പോലും അരിയും ഗോതമ്പും എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അരി വിതരണം ആരംഭിക്കേണ്ടതുണ്ട്. എപിഎല്‍ കാര്‍ഡുകള്‍ക്കുള്ള 10 കിലോ അരിയും നല്‍കണം.  ഒരു ഗോഡൗണില്‍നിന്നുള്ള അരി പകുതി കടകളില്‍ പോലും വിതരണം ചെയ്യാന്‍ തികയില്ല. എത്രയും വേഗം നടപടി ഉണ്ടായില്ലെങ്കില്‍ റേഷന്‍ വിതരണം മുടങ്ങുമെന്നാണ് താലൂക്ക് സിവില്‍ സപ്ലൈസ് നല്‍കുന്ന സൂചന. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍ പച്ചക്കറിക്കടയുമായി ബന്ധപ്പെട്ട് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചുമട്ടു തൊഴിലാളികളും ജീവനക്കാരനും ഡ്രൈവര്‍മാരും ക്വാറന്റീനില്‍ പോകേണ്ടി വന്നത്. അതേസമയം തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശം ശരിയല്ലെന്നു സിഐടിയു ജില്ലാ സെക്രട്ടറി ബിനു വ്യക്തമാക്കി.