കൊച്ചി: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായില്ല.രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ചെന്നൈയിൽ അഞ്ച് രൂപ അൻപത് പൈസ കൂടി വില 1965 ആയി ഉയർന്നു. ഡൽഹിയിൽ 1797 ഏഴ് രൂപയായിരുന്നത് 1803 രൂപയായി ഉയർന്നു.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായത്. അപ്പോഴും, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി. ഡല്‍ഹിയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി.പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്.