വടകര: സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തിനിടെ വ്‌ളോഗര്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് നിഹാല്‍ തോക്ക് ചൂണ്ടിയതായും ആരോപണം. സംഭവത്തിൽ തൊപ്പിയെയും കൂടെ ഉണ്ടായിരുന്ന രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ നിഹാല്‍ ഇവര്‍ക്ക് നേരേ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം. എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തില്ലെന്നാണ് വിവരം. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര - കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റില്‍ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വൈകുന്നേരം തൊപ്പിയെയും കൂട്ടരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചത് സംബന്ധിച്ച് നാട്ടുവാർത്ത വാർത്ത നൽകിയിയിരുന്നു.
(വീഡിയോ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക)
യൂട്യൂബർ 'തൊപ്പി' വടകര പോലീസ് സ്റ്റേഷനിൽ; നടപടി ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന്
..