ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.
ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക. രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. 2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.