BREAKING NEWS
dateTHU 17 APR, 2025, 11:48 AM IST
dateTHU 17 APR, 2025, 11:48 AM IST
back
Homepolitics
politics
SREELAKSHMI
Tue Jun 25, 2024 09:15 AM IST
ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ലോകകപ്പ് സെമിയില്‍
NewsImage

സെന്റ് ലൂസിയ: സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി.ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.

206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (6) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് - ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും മാര്‍ഷിന് തുണയായി. 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്‌നിസിനെയും (2) മടക്കി അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അര്‍ഷ്ദീപ് മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലാക്കി.

നേരത്തേ അര്‍ഹിച്ച സെഞ്ചുറിക്ക് എട്ടു റണ്‍സകലെ (92) പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. വെറും 41 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. രോഹിത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസും ടി20 ലോകകപ്പില്‍ ഓസീസിനെതിരേ 205 റണ്‍സെടുത്തിട്ടുണ്ട്. 2012 ലോകകപ്പ് സെമിയിലായിരുന്നു അത്.

രണ്ടാം ഓവറില്‍ തന്നെ വിരാട് കോലിയെ (0) നഷ്ടമായ ശേഷമായിരുന്നു രോഹിത് സെന്റ് ലൂസിയയെ അക്ഷരാര്‍ഥത്തില്‍ പൂരപ്പറമ്പാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ നാല് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 19 പന്തില്‍ 50 തികച്ചു. രോഹിത് വെടിക്കെട്ടില്‍ വെറും 8.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. തുടര്‍ന്ന് 12-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്താകും വരെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികളൊഴുകി.ഇതിനിടെ രണ്ടാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 87 റണ്‍സും രോഹിത് ചേര്‍ത്തു. 14 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്തു. രോഹിത്തിനു പിന്നാലെ സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. 22 പന്തുകള്‍ നേരിട്ട ശിവം ദുബെയ്ക്ക് 28 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 17 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് സ്‌കോര്‍ 200 കടത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE