പാലക്കാട്: മൂന്ന് മുന്നണികളും പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.ആരോപണ പ്രത്യാരോപണങ്ങളും കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍കൊണ്ടും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ആവേശവും ആത്മവിശ്വാസവും പുലര്‍ത്തിയിട്ടുണ്ട്.
ജനവിധി എന്താകുമെന്ന കാര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്ക നിലനില്‍ക്കുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് തുല്യമായ വീറും വാശിയുമാണ് മുന്നണികള്‍ കാഴ്ചവെച്ചത്. മൂന്ന് സ്ഥാനാര്‍ഥികളും ദേവാലയങ്ങളിലെത്തി പ്രാര്‍ഥനയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി.
രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂള്‍ ബുത്ത് നമ്പര്‍ 88ലാണ് ഇടത് സ്ഥാനാര്‍ഥി പി സരിന്‍ വോട്ട് ചെയ്യുക. സരിനും ഭാര്യയും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. പാലക്കാടിന്റെ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന തിരഞ്ഞടുപ്പാണ് നടക്കുന്നതന്ന് മാധ്യമങ്ങളെ കണ്ട സരിന്‍ പറഞ്ഞു. പക്ഷങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ വോട്ടുകള്‍ തിരിച്ചിരുന്ന രീതി അവസാനിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടായി ഇത്തവണത്തേത് മാറുമെന്നും സരിന്‍ വ്യക്തമാക്കി.യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മാറ്റം കൊണ്ടുവരാന്‍ പോകുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞു.