നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി സ്കൂൾ ആൻറി റാഗിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ. അന്വേഷണ സമിതിയുടെ റിപ്പോർട്ട് നാദാപുരം പോലീസിന് കൈമാറി. മാർച്ച് പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാം വർഷ വിദ്യാർത്ഥി തൂണേരി സ്വദേശി മുഹമ്മദ് റിഷാനെ മർദ്ദച്ചെന്ന പരാതിയിൽ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്കൂളിൽ ഷർട്ടിൻ്റെ ബട്ടൻ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞ് തടഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു. തല പിടിച്ച് ചുമരിനിടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ ഉണ്ട്.
തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയാക്കിയാതായി മുഹമ്മദ് റിഷാൻ അധികൃതർക്ക് പരാതി നല്കിയിരുന്നു. സ്ക്കൂൾ അന്വേഷണ കമ്മറ്റി റിപ്പോർട്ട് നൽകിയതോടെ റാഗിംഗ് ഉൾപെടെയുള്ള വകുപ്പുകൾ കേസിൽ കൂട്ടിച്ചേർത്ത് അന്വേഷണം നടത്തുമെന്ന് നാദാപുരം എസ്ഐ എം.പി.വിഷ്ണു പറഞ്ഞു. ഇതിനിടെ മുഹമ്മ് റിഷാനെ അക്രമിച്ച കേസിൽ പോലീസ് പ്രതിപ്പട്ടികയിൽ ഉള്ള സീനിയർ വിദ്യാർത്ഥി ലുബൈബ് (18) നാദാപുരം കോടതിയിൽ ഹാജരായി. കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് റിഷാൻ്റെ പരാതിയിൽ കേസ് എടുത്തത്.