ജൊഹാനസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 106 റൺസിനാണ് തോൽപ്പിച്ചത്. ഇതോടെ പരമ്പര സമനിലയിൽ (1-1) പിരിഞ്ഞു.
നായകൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയും കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിങ്ങുമാണ് (അഞ്ച് വിക്കറ്റ്) ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 56 പന്തിൽ 100 റൺസെടുത്ത സൂര്യക്കു പുറമെ 41 പന്തിൽ 60 റൺസുമായി ഓപണർ യശസ്വി ജയ്സ്വാളും തകർത്തടിച്ചതോടെയാണ് ഇന്ത്യ 201 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 25 ഉം ഡോണോവൻ ഫെരേര 12 ഉം മാത്രമാണ് രണ്ടക്കം കടന്ന ബാറ്റർമാർ. അഞ്ചു വിക്കറ്റെടുത്ത കുൽ ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മുകേഷ് കുമാർ, അർഷദീപ് സിങ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.