തിരുവനന്തപുരം: സണ്ണി ജോസഫ് എംഎല്‍എ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു.
വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പറഞ്ഞു.