തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കേഡൽ ജെൻസൺ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതി കേഡൽ ജെൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേഡലിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിൽ വാദം നാളെ(ചൊവ്വാഴ്ച)യാണ്.
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ 'ആസ്ട്രൽ പ്രൊജക്ഷനാ'ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡൽ തിരിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡൽ തിരികെയെത്തിയത്. പത്തുവർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ കേഡൽ സാത്താൻ സേവ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ അറിവ് നേടിയത്. നല്ല സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡൽ സാത്താൻ സേവയിൽ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണത്തിൽ കേഡൽ അല്ലാതെ മറ്റൊരാളിന്റെ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞില്ല. കേഡൽ മാത്രമാണ് കേസിലെ പ്രതി.