തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെയും നായകൻ ലയണൽ മെസ്സിയുടെയും കേരള പര്യടനത്തിന് കേന്ദ്രത്തിൽ നിന്നും രണ്ട് അനുമതികൾ ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്റെയും അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.
2022ലെ ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീനക്ക് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ടീം ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചത്. എന്നാൽ മത്സരത്തിന് ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഈ വാഗ്‌ദാനം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർജന്റീന ടീമിനെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.ഈ വർഷം ഒക്‌ടോബറിലായിരിക്കും മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസവും മെസ്സിയും അർജന്റീന ടീമും കേരളത്തിലുണ്ടാകുമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നു.