ഇന്ത്യന്‍ ഹോക്കി താരങ്ങളായ മന്‍ദീപ് സിങ്ങും (30) ഉദിത ദുഹാനും (27) വിവാഹിതരായി. ജലന്ധറിലെ മോഡല്‍ ടൗണ്‍ ഗുരുദ്വാര സാഹിബില്‍വെച്ച് സിഖ് ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. ഇരുവരുടേയും കുടുംബത്തിന് പുറമേ ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീം താരങ്ങളും ഒഫീഷ്യലുകളും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിന് ശേഷവം രാജ്യത്തിനുവേണ്ടി കളിക്കുന്നത് തുടരുമെന്ന് ഉദിത മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുപേരും ഒരേ മേഖലയില്‍നിന്നുള്ളവരായതിനാല്‍ പരസ്പരം മനസിലാക്കുന്നതിലൂടെ ജീവിതം എളുപ്പമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്‍ദീപ് പഞ്ചാബ് സ്വദേശിയും ഉദിത ഹരിയാണ സ്വദേശിയുമാണ്.2018-ല്‍ ദേശീയ ടീമിന്റെ ബെംഗളൂരുവിലെ ക്യാമ്പില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിനെത്തുടര്‍ന്ന് ഇരുവര്‍ക്കും ക്യാമ്പില്‍ തുടരേണ്ടിവന്നു. ഈ സമയത്താണ് ഇരുവരുടേയും ബന്ധം കൂടുതല്‍ ദൃഢമായത്.