പാലക്കാട്: ഒരു എതിരാളി കുറഞ്ഞുപോയി എന്നതിൽ വിഷമമുണ്ടെന്ന് കെപിസിസി വക്താവ് ജ്യോതികുമാർ ചാമക്കാല. നല്ലൊരു എതിരാളി ആയിരുന്നു സന്ദീപ് വാര്യർ. നന്നായി കാര്യങ്ങൾ പഠിക്കുകയും , അവതരിപ്പിക്കുകയും, വേണ്ടി വന്നാൽ തന്നെ പോലെ തന്നെ പരിധിവിട്ട് സംസാരിക്കാനും ശേഷിയുള്ള ആളായിരുന്നു. ഒരു ഗോദയിൽ പരസ്പരം മല്ലടിച്ചുകൊണ്ടിരുന്നവർ ഒന്നിച്ചപ്പോഴുള്ള ബുദ്ധിമുട്ട് ഇനി ധ്യമങ്ങൾക്കാണ്. ഞങ്ങളോടൊപ്പം സന്ദീപ് വന്നതിൽ സന്തോഷമുണ്ടെന്നും ചാമക്കാല പ്രതികരിച്ചു.
ബിജെപിയിൽ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയത്. വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറി. അതിൽ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.