തിരൂരങ്ങാടി: താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ മറ്റൊരു ഡോക്‌ടർ ഡ്യൂട്ടിയെടുത്തത് വിവാദമായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഡോ. സഹീദയ്ക്ക് പകരം ഇവരുടെ ഭർത്താവ് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സഫീൽ ഡ്യൂട്ടിയെടുത്തതാണു വിവാദമായത്.
പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടർ കുഞ്ഞിന് പാൽ കൊടുക്കുന്നതിന് മാറിനിന്ന സമയത്താണ് ഭർത്താവായ ഡോ. സഫീൽ അത്യാഹിതവിഭാഗത്തിൽ പരിശോധനയ്ക്കിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. പല ദിവസങ്ങളിലും ഭാര്യക്കു പകരം ഭർത്താവ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് വിവരം.
വിവരമറിഞ്ഞ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും പരാതി നൽകി.അതേസമയം, കെ.പി.എ. മജീദ് എം.എൽ.എ.യുടെ ബന്ധുവാണ് ആൾമാറാട്ടം നടത്തിയതെന്നും സംഭവം അന്വേഷിക്കണമെന്നും സി.പി.എം. തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിചെയ്യാതെ ശമ്പളം വാങ്ങിയ ഡോക്‌ടർക്കെതിരേ നടപടി വേണമെന്നും ഇങ്ങനെ സൗകര്യം ലഭിക്കുന്നതിന് കെ.പി.എ. മജീദ് നടത്തിയ ഇടപെടൽ അന്വേഷിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു