കാബൂള്‍: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകള്‍ മരണപ്പെട്ടു. സഹതാരവും അടുത്ത സുഹൃത്തുമായ കരീം ജനത് ആണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുട്ടിയുടെ ചിത്രം സഹിതം വാര്‍ത്ത പങ്കുവെച്ച കരീം ജനത് മരണകാരണം പറഞ്ഞിട്ടില്ല. ഇതോടെ നിരവധി പേരാണ് പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തിയത്.
'എന്റെ അടുത്ത സുഹൃത്തായ സഹോദരന്‍ ഹസ്രത്തുള്ള സസായിക്ക് മകളെ നഷ്ടപ്പെട്ട വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നു. അവിശ്വസനീയമാംവിധം ദുഷ്‌കരമായ സാഹചര്യത്തിലൂടെ അദ്ദേഹവും കുടുംബവും കടന്നുപോകുന്ന ദുഃഖത്താല്‍ എന്റെ ഹൃദയം വേദനിക്കുന്നു. ഈ ദാരുണമായ നഷ്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവരെ നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും ഉള്‍പ്പെടുത്തുക. ഹസ്രത്തുള്ള സസായിക്കും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു', ജനത് കുറിച്ചു.