കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു നജിമുദ്ദീന്‍. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം.
1953 ല്‍ കൊല്ലം തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972 ല്‍ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബോളിലേക്ക് ചുവടുവെച്ച നജിമുദ്ദീന്‍ പിന്നീടങ്ങോട്ട് കേരളത്തിന്റെ സ്റ്റാര്‍സ്‌ട്രൈക്കറായി മാറി. 73 ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി ബൂട്ടുകെട്ടി തുടങ്ങുന്നതുമുതലാണ് നജിമുദ്ദീന്റെ കരിയര്‍ മാറുന്നത്. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതിന് പിന്നില്‍ നജീമുദ്ദീന്റെ പ്രകടനമുണ്ട്. അന്ന് ഫൈനലില്‍ ഹാട്രിക്കോടെ തിളങ്ങിയത് നായകന്‍ മണിയാണെങ്കില്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19-കാരനായിരുന്നു.