ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിരാട് കോലിക്കെതിരേ പോലീസിൽ പരാതി.കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരന്‍.
സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടനല്‍കിയതായി പരാതിയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക.