കൊച്ചി: സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം, ഷൈനിന്റെ ഫോൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിന്റെ രേഖകളും വാട്സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.