പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി. സരിനെ പുകഴ്ത്തി എൽ.ഡി.എഫ്. മുൻ കൺവീനർ ഇ.പി. ജയരാജൻ. ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്‍. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥി. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി. പറഞ്ഞു.
സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഒപ്പമായിരുന്നു സരിന്‍. പണമുണ്ടാക്കാനുള്ള സാഹചര്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്. അങ്ങിനെ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹത്തിന് കോണ്‍ഗ്രസില്‍നിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കെത്തുന്നത്. ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി ആശ്വാസമേകാന്‍ സരിനാകും. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണ്. അദ്ദേഹം ജയിച്ചുവരണമെന്നാണ് ഇവിടുത്തെ യുവാക്കളും സ്ത്രീകളും ആഗ്രഹിക്കുന്നത്.ഇ.പി. പറഞ്ഞു.