ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് കുറിപ്പ്.
രാവിലെ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തു. പിന്നാലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്:
കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ പരേഡായിരുന്നു, കറുത്തവളെന്ന മുദ്രകുത്തലായിരുന്നു. ഇതിൽ ഞാൻ വളരെ അസ്വസ്ഥയായിരുന്നു, ലജ്ജ തോന്നുന്നു.
കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ.. പക്ഷെ എന്തിനാണ് കറുപ്പിനെ അധിക്ഷേപിക്കുന്നത്.
പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗീരണം ചെയ്യാൻ സാധിക്കുന്ന, മനുഷ്യ വർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജസ്പന്ദനം. എല്ലാവരിലും പ്രവർത്തിക്കുന്ന നിറം. ഓഫീസിലേക്കുള്ള വസ്ത്രധാരണരീതി, മഴയുടെ വാഗ്ദാനം.
എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്.
കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്ടയായതിൽ തുടങ്ങി ഇത്തരത്തിൽ ഒരു വിശേഷണത്തിൽ ജീവിച്ചതിൽ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.
കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കൾ കണ്ടെത്തി. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് മനസ്സിലാക്കിത്തന്നു, അത് കണ്ടെത്താൻ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.