ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരികെ എത്തിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെച്ച് കൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി മാറ്റിയത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനും സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനുമുള്ള പരീക്ഷണങ്ങൾക്ക് സഹായകരമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥമാറ്റം.
പ്രൊപ്പൽഷൻ മൊഡ്യൂളിലുള്ള ഏക ശാസ്ത്രീയ ഉപകരണമാണ് സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (SHAPE). ഭൂമിയെയും പ്രപഞ്ചത്തെയും നിരീക്ഷിക്കാനുള്ള ഉപകരണമാണിത്. ഈ ഉപകരണത്തിന്‍റെ പ്രവർത്തനം തുടരുന്നതിനും ഭ്രമണപഥം മാറ്റം ഗുണം ചെയ്യും. ഒക്ടോബർ ഒമ്പതിനാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥം ആദ്യം ഉയർത്തിയത്. തുടർന്ന് ഒക്ടോബർ 13ന് ട്രാൻസ് എർത്ത് ഇൻജക്ഷൻ വഴി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റി. നിലവിൽ ഭൂമിയുടെ 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയെ വലം വെക്കുന്നത്. ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യം വിജയകരമായി പൂർത്തിയായതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ 100 കിലോ ഇന്ധനം ശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ച് എൻജിൻ ജ്വലിപ്പിച്ചാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥമാറ്റം സാധ്യമാക്കിയത്.ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലെറ്റ് സെന്‍റർ ആണ് ഭ്രമണപഥം മാറ്റുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ലാൻഡറും റോവറും ഉൾപ്പെടുന്ന പേടകം ഇറങ്ങി. തുടർന്ന് ലാൻഡറും റോവറും ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും പൂർത്തിയാക്കി സെപ്റ്റംബർ മൂന്നിന് നിദ്രയിലായി. ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യവും അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ.