ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും വീട്ടമ്മ മരിച്ച സംഭവത്തിൽ അല്ലു അർജുനെ പൊലീസ് ചോദ്യം ചെയ്യും.രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഹൈദരാബാദ് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്
ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ താരം പുറത്തിറങ്ങിയിരുന്നു.