പേരാമ്പ്ര: പേരാമ്പ്രയിൽ വിവാഹവീട്ടിൽ വൻകവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടൽ. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം.
അതിഥികളായി എത്തിയവർ വിവാഹസമ്മാനമായി നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയിൽ വെച്ച് പൂട്ടിയിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.