മഞ്ചേരി: ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. ഷൈബിന്റെ മാനേജരായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറ് വര്‍ഷവും ഒന്‍പത് മാസവും ആറാം പ്രതി ഷൈബിന്റെ ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവും കോടതി വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാറാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേസില്‍ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ ഒന്നാം പ്രതിയുടെ കാറില്‍നിന്ന് ലഭിച്ച തലമുടി പരിശോധിച്ചാണ് പോലീസ് കേസ് തെളിയിച്ചത്. പതിനഞ്ചു പ്രതികളില്‍ ഒന്‍പതുപേരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. പ്രതികളിലൊരാളായ കുന്നേക്കാടൻ ഷമീം ഇപ്പോഴും ഒളിവിലാണ്. മറ്റൊരുപ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസിൽ (33) ഒളിവിൽക്കഴിയവേ വൃക്കരോഗത്തെത്തുടർന്ന് ഗോവയിൽ മരിച്ചു. ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ (44) മാപ്പുസാക്ഷിയാക്കി.
നിലമ്പൂർ ചന്തക്കുന്ന് കൂത്രാടൻ അജ്മൽ (33), പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ (33), വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീഖ് (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൽവാഹിദ് (29), ചന്തക്കുന്ന് വൃന്ദാവനത്തിൽ സുനിൽ (43), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ മിഥുൻ(31), വണ്ടൂർ കുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ് (29), ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്‌ന (31), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരൻ സുകുമാരൻ (66) എന്നിവരെയാണ് വെറുതെ വിട്ടത്.