പാലക്കാട് : ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.
കഴിഞ്ഞ 13നു പുലർച്ചെയായിരുന്നു സ്ഫോടനം. കേസിൽ അറസ്റ്റിലായ ചുനങ്ങാട് മനയങ്കത്ത് നീരജ് റിമാൻഡിലാണ്. നീരജിന്റെ വീടിനു സമീപം നിർമാണം പുരോഗമിക്കുന്ന വീടിനു നേരെയായിരുന്നു ബോംബേറ്. ഈ വീട്ടിൽ പൂമുഖത്തു കിടന്നുറങ്ങുകയായിരുന്ന 6 തൊഴിലാളികളിൽ 2 പേർക്കായിരുന്നു ഗുരുതര പരുക്ക്. പരുക്കേറ്റ ബാലുശ്ശേരി സ്വദേശി പ്രിയേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
തൊഴിലാളികൾ പതിവായി കളിയാക്കുന്നുവെന്ന ധാരണയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കുളത്തിന്റെ പടവു നിർമാണത്തിന് എത്തിയതാണു തൊഴിലാളികൾ. വിഷ്ണു മരിച്ചതോടെ നീരജിനെതിരെ കൊലപാതക കുറ്റം ചുമത്തും.