നിപ ജാഗ്രത; പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പാലക്കാട് സ്വദേശി നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. 2018 മുതൽ സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരേസമയം ഒന്നിലേറെ പേർക്ക് നേരിട്ട് രോഗംപിടിപെടുന്ന പ്രൈമറി കേസുകൾ ഇതാദ്യമായാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിപ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
- പക്ഷിമൃഗാദികളുടെ കടിയേറ്റതോ, പൊട്ടലോ, പോറലോ ഉള്ള പഴങ്ങൾ കഴിക്കരുത്. അവ കൈകൾകൊണ്ട് നേരിട്ട് എടുക്കരുത് അഥവാ എടുക്കേണ്ടിവന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
- പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും മുറിക്കുന്നതിനും മുൻപ് വെള്ളത്തിൽ നന്നായി കഴുകണം.
- നിപ വൈറസ് വവ്വാലുകളിൽനിന്ന് പന്നികളിലേക്കും പന്നികളിൽനിന്ന് മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ട്.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുക. പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക.
- പനി, ശക്തമായ തലവേദന, ഛർദി, ക്ഷീണം, ബോധക്ഷയം, കാഴ്ചമങ്ങൽ, പേശിവേദന, മാനസികാവസ്ഥയിൽ മാറ്റം, പിച്ചും പേയും പറയുക, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവർ ഉടൻ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം.
- അനാവശ്യമായ ആശുപത്രി സന്ദർശനം, രോഗികളെ സന്ദർശിക്കൽ എന്നിവ ഒഴിവാക്കണം.
- രോഗപ്രതിരോധത്തിനായി ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടതാണ്. തുറന്നു വെച്ചതും പഴകിയതുമായ പഴങ്ങളും ഭക്ഷണപദാർഥങ്ങളും ഉപയോഗിക്കാതിരിക്കുക.
- വവ്വാലുകൾ കാണപ്പെടുന്ന തെങ്ങ്, പന എന്നിവയിൽനിന്ന് തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് തുടങ്ങിയ പാനീയങ്ങൾ കുടിക്കരുത്.
- വാഴയില അകവും പുറവും വൃത്തിയായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
- വളർത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവയുടെ സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുക.
- കിണറുകളിലും കുടിവെള്ളത്തിന് ഉപയോഗിക്കുന്ന മറ്റു ജലസ്രോതസ്സുകളിലും പക്ഷികളുടെ കാഷ്ഠം, മൂത്രം, മറ്റു ശരീരസ്രവങ്ങൾ വീഴാതെ സൂക്ഷിക്കുക.
- വീടുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റുക.
- കിണറിനുള്ളിലെ പാഴ്ച്ചെടികൾ വെട്ടിമാറ്റുകയും മുകൾഭാഗം ഇഴയടുപ്പമുള്ള നെറ്റ് അടിച്ച് നേരിയ തുണി ഉപയോഗിച്ച് മൂടുകയും ചെയ്യുക.
- വീടും പരിസരം വൃത്തിയാക്കുമ്പോൾ കയ്യിലും കാലിലും മുറിവുണ്ടെങ്കിൽ മൂടി കെട്ടുക, അടിച്ചുവരുമ്പോൾ കൈകളിൽ ഗ്ലൗസ് ധരിക്കണം. വൃത്തിയാക്കലിനുശേഷം കൈകാലുകൾ സോപ്പിട്ടു കഴുകണം.
- ജനൽ, വാതിൽ, കിണർ എന്നിവ ഇഴയടുപ്പമുള്ള വലകൾ ഉപയോഗിച്ച് മൂടുക.
- വീടിനുമുകളിൽ വാട്ടർടാങ്ക് ഉണ്ടെങ്കിൽ മൂടിവയ്ക്കണം.
- ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുൻപും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ഭക്ഷണപദാർഥങ്ങൾ മൂടിവെക്കുക.* 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
- പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകി മാത്രം ഉപയോഗിക്കുക.