മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എം.എൽ.എയുമായ പി,വി.അൻവറിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അൻവറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്.
കൈവശം 25000 രൂപയാണുള്ളതെന്ന് അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്റെ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അൻവറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021ൽ മത്സരിച്ചപ്പോൾ 18.57 കോടി രൂപയായിരുന്നു അൻവറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയാണ് ബാദ്ധ്യതയായി ഉണ്ടായിരുന്നത്.