കൊയിലാണ്ടി : നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.ഒന്നരയോടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു.
ചുവന്ന തുണിയിൽപ്പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയിലായിരുന്നു നവജാതശിശുവിന്റെ മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അടുത്തുചെന്ന് നോക്കിയപ്പോൾ അഴുകിയ ഗന്ധം അനുഭവപ്പെട്ടു. ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്.
"മുത്താമ്പി, നടേരി, നെല്യാടി എന്നീ പാലങ്ങൾ സമീപത്തുണ്ട്. മൃതദേഹം ഈ ഭാഗങ്ങളിൽ എവിടെ നിന്നെങ്കിലും ഒഴുകി വന്നതായിരിക്കാം. ഞങ്ങൾ കാണുമ്പോൾ ഇത് പുഴയോട് ചേർന്നുള്ള പുല്ലിൽ തട്ടി നിൽക്കുകയായിരുന്നു. ഒഴുകിപ്പോവാതിരിക്കാനുള്ള വഴി നോക്കിയിട്ടാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തിൽനിന്ന് ചെറുതായി ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നെങ്കിലും അധികം പഴക്കമുള്ളതായി തോന്നിയില്ല." നാട്ടുകാർ വിശദീകരിച്ചു.