തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. സുരേഷ് ഗോപി കുടയും റെയിൻകോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആർജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഈ ആവശ്യം നടത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാർക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ 1,000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 7,000 രൂപയായി വർദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. ആശാവർക്കർമാർക്ക് 7,000രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകൾ പ്രകാരം, ജോലി ചെയ്യുന്ന ആശാവർക്കർമാർക്ക് ടെലഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ലഭ്യമാണ്. അതിൽ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.