
ദുബായ്: ഒരുമിച്ച് കളിച്ചുചിരിച്ച് ജീവിച്ചവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി. ഞായറാഴ്ച അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളായ നാല് മലയാളി കുരുന്നുകൾ അഷാസ് (14), അമ്മാർ (12), അസാം (എട്ട്), അയാഷ് (5) എന്നിവരുടെ കബറടക്കം ചൊവ്വാഴ്ച വൈകീട്ട് ദുബായ് സോനാപൂരിൽ നടന്നു. വൈകീട്ട് നാല് മണിക്ക് അൽ ഷുഹാദ മസ്ജിദിലായിരുന്നു മയ്യിത്ത് നമസ്‌കാരം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികളുടെ പിതാവ് മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫ് മക്കളെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാക്കി. വീൽചെയറിലായിരുന്നു അബ്ദുൽ ലത്തീഫിനെ എത്തിച്ചിരുന്നത്. കണ്ണീരടക്കി, പ്രാർഥനയോടെ മക്കളെ യാത്രയാക്കുന്ന ലത്തീഫിനെ ആശ്വസിപ്പിക്കാൻ ഉറ്റവർ ഏറെ പാടുപെട്ടു. യുഎഇയുടെ പല ഭാഗങ്ങളിൽനിന്നുള്ളവരും കുരുന്നുകളെ അവസാനമായി കാണാൻ സോനാപൂരിൽ തടിച്ചുകൂടിയിരുന്നു. അബ്ദുൽ ലത്തീഫിനും കുടുംബത്തിനും ഇനി ബാക്കിയുള്ളത് 10 വയസ്സുകാരി ഇസ്സ ലത്തീഫ് മാത്രമാണ്.
ലത്തീഫിനൊപ്പം കുട്ടികളുടെ മാതാവ് വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയും ഇസ്സയും ഇപ്പോഴും ചികിത്സയിലാണ്. റുക്‌സാനക്ക് ശസ്ത്രക്രിയ വേണ്ടിവന്നതായാണ് വിവരം. അബുദാബി ലിവ ഫെസ്റ്റിവലിന് പോയി ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങിയ കുടുംബമാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റ (48)യും അപകടദിവസംതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം തിങ്കളാഴ്ചയാണ് മരിച്ചത്.